അനധികൃത പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനു പിന്നാലെ ബിജെപി നേതാക്കളെ ‘അഭിനന്ദിച്ച്’ ഡി.കെ. ശിവകുമാറിന്റെ ട്വീറ്റ്. തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തിൽ ഒടുവിൽ വിജയം കൈവരിച്ച ബിജെപി നേതാക്കളെ അഭിനന്ദിക്കുന്നു എന്നാണ് ശിവകുമാറിന്റെ ട്വിറ്റ്.
താൻ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ പാർട്ടി പ്രവർത്തകരും ജനങ്ങളും നിരാശപ്പെടേണ്ടതില്ലെന്നും കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവകുമാർ ട്വീറ്റ് ചെയ്തു. ‘എന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തിൽ ഒടുവിൽ വിജയം കൈവരിച്ച ബിജെപി നേതാക്കളെ അഭിനന്ദിക്കുന്നു. എനിക്കെതിരെയുള്ള ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്.
ഞാൻ ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിനും കുടിപ്പകയ്ക്കും ഇരയാണ്. ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും വിജയം വരിക്കുമെന്ന് പൂർണവിശ്വാസമുണ്ട്’ എന്നിങ്ങനെയാണ് ശിവകുമാറിന്റെ വാക്കുകൾ.
I congratulate my BJP friends for finally being successful in their mission of arresting me.
The IT and ED cases against me are politically motivated and I am a victim of BJP's politics of vengeance and vendetta.
— DK Shivakumar (@DKShivakumar) September 3, 2019
2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തൽ.
തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post