സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം,ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളിൽ 25 ശതമാനം പ്രദേശങ്ങളിലും മഴ പെയ്യും. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലും, തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ഒഡീഷയ്ക്ക് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കാലവർഷം കനക്കാൻ കാരണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചു. ഒറ്റപ്പാലത്ത് 15 സെന്റിമീറ്ററും, പെരിന്തൽമണ്ണയിലും മാനന്തവാടിയും 10 സെന്റിമീറ്ററും മഴ പെയ്തു. തുടർച്ചയായി മഴ പെയ്യുന്നതു കാരണം ഇതു വരെ 11 ശതമാനം അധിക മഴയാണ് ഇത്തവണ ലഭിച്ചത്.
ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാടാണ്. 39.88 ശതമാനം അധിക മഴ ലഭിച്ചു. കോഴിക്കോട് 36.87 ഉം, മലപ്പുറത്ത് 21.71 ശതമാനവും അധിക മഴ ലഭിച്ചു.
Discussion about this post