അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാക്കളുമായുള്ള സമാധാന ചർച്ചകളിൽനിന്ന് അമേരിക്ക പിൻമാറുന്നു. താലിബാനുമായുള്ള രഹസ്യ സമാധാന ചർച്ചകൾ റദ്ദാക്കിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
കാബൂളിൽ താലിബാൻ നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ ഒരു അമേരിക്കൻ സൈനികൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു നടപടി. ആക്രമണങ്ങളും ചർച്ചയും ഒത്തുപോകില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഞായറാഴ്ച ക്യാന്പ് ഡേവിഡിലാണു താലിബാൻ നേതാക്കളുമായി സമാധാന ചർച്ചകൾക്കു വേദി നിശ്ചയിച്ചിരുന്നത്. താലിബാനു പുറമേ അഫ്ഗാൻ പ്രസിഡന്റുമായും അമേരിക്ക ചർച്ചകൾ തുടർന്നിരുന്നു.
അഫ്ഗാനിൽനിന്ന് അമേരിക്ക സൈനികരെ പിൻവലിക്കും, താലിബാൻ ഭീകരത അവസാനിപ്പിക്കണം എന്നായിരുന്നു ഉടമ്പടി. എന്നാൽ കാബൂൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തതോടെ അമേരിക്ക തീരുമാനത്തിൽനിന്നു പിൻവലിയുകയായിരുന്നു. വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ആക്രമണം നടത്തിയത്. അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്പോസ്റ്റിനെ ലക്ഷ്യമിട്ടായിരുന്നു കാർ ബോംബ് സ്ഫോടനം.
Discussion about this post