മുത്തൂറ്റ് ഫിനാൻസിലെ സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് നടത്തിയ രണ്ടാമത്തെ സമവായ ചർച്ചയും പരാജയം. മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് സമവായ ചർച്ച നടന്നത്. അടുത്ത ദിവസങ്ങളിൽ വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ചർച്ചയിൽ ചില വിഷയങ്ങളിൽ ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇനിയും ചില കാര്യങ്ങളിൽ തീരുമാനം എടുക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.നിലവിലെ സാഹചര്യം മാറ്റമില്ലാതെ തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. ശമ്പള വർധനവ് അടക്കമുളള കാര്യങ്ങളിൽ മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് സമര സമിതി നേതാക്കൾ വ്യക്തമാക്കി.
മന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചതിന് ശേഷം സമരം തുടരുന്ന സാഹചര്യമുണ്ടായാൽ 43 ബ്രാഞ്ചുകൾ അടച്ചു പൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോർജ് അലക്സാണ്ടർ പറഞ്ഞു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അലക്സാണ്ടർ ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. മുത്തൂറ്റ് ഫിനാൻസിൽ ഇപ്പോഴുളളത് തൊഴിൽ തർക്കമല്ല. ക്രമസമാധാന പ്രശ്നമാണ്. സമരം മുന്നോട്ട് പോയാൽ കൂടുതൽ ബ്രാഞ്ചുകൾ പൂട്ടേണ്ടി വരും. നിലവിൽ 43 ബ്രാഞ്ചുകൾ പൂട്ടുന്നതിനുളള അനുമതി തേടിയിട്ടുണ്ടെന്നും എം.ഡി പറഞ്ഞു.
Discussion about this post