ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് വനിതാ ഹോട്ടല്‍ തല്ലിതകര്‍ക്കുകയും ജീവനക്കാരായ വനിതകളെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയില്‍. മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥികളായ നിഖില്‍, നന്ദു, ശ്രീകേഷ്, നിവിന്‍ദാസ്, അര്ജ്ജുന്, ജെന്സണ്, മനു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് നാല്‍പ്പതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയും, ജീവനക്കാരെ മര്‍ദ്ദിക്കുകയുമായിരുന്നു. കൂടാതെ 20,000 ത്തോളം രൂപ ക്യാഷ് കൗണ്ടറില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്തു.
കടയുടമ പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും ഹോട്ടല്‍ അസോസിയേഷനുകളും പാര്‍ട്ടി നേതാക്കളുംഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്കാന് വിദ്യാര്‍ത്ഥികള്‍ തയ്യാറാകാതിരുന്നതോടെ ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളേജിലെ ഓണാഘോഷത്തിനായി ആദ്യം 50 സദ്യയാണ് ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പിന്നീട് വിവിധ വകുപ്പുകളിലേക്കായി 540 സദ്യ കൂടി അധികം ഓര്‍ഡര്‍ ചെയ്തു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇവര്‍ തിരിച്ചെത്തി ഭക്ഷണം തികഞ്ഞില്ലെന്ന് ആരോപിച്ച് ബഹളം വയ്ക്കുകയായിരുന്നു.
Discussion about this post