ചന്ദ്രോപരിതലത്തിൽ വെച്ച് ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ ലാൻഡർ വിക്രമിന്റെ ചിത്രം പകർത്താനൊരുങ്ങി നാസയുടെ ലൂണാർ ഓർബിറ്റർ. സെപ്റ്റംബർ 17ന് നാസയുടെ ലൂണാർ ഓർബിറ്റർ വിക്രമിന്റെ ചിത്രം പകർത്തുമെന്നാണ് കണക്കു കൂട്ടപ്പെട്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തിയ ലാൻഡർ വിക്രമിന്റെ തെർമൽ ഇമേജ് നേരത്തെ തന്നെ ചന്ദ്രയാൻ ഓർബിറ്റർ പകർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാസയുടെ ലൂണാർ ഓർബിറ്റർ വിക്രമിന്റെ ചിത്രം പകർത്താൻ ഒരുങ്ങുന്നത്.
വിക്രം ലാൻഡറുമായി ബന്ധപ്പെട്ട് ചന്ദ്രോപരിതലത്തിൽ നിന്ന് ലഭിക്കുന്ന ഏത് വിവരവും ശേഖരിക്കുമെന്നും അത് ഐ എസ് ആർ ഓക്ക് കൈമാറുമെന്നും നാസ വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്താനുള്ള ഐ എസ് ആർ ഒയുടെ നടപടിയെ നാസ അഭിനന്ദിച്ചിരുന്നു. ചന്ദ്രയാൻ പരാജയമായിരുന്നില്ലെന്നും ചാന്ദ്ര പര്യവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഐ എസ് ആർ ഒക്ക് ഒപ്പം നാസയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
95 ശതമാനവും വിജയമായിരുന്ന ചന്ദ്രയാൻ-2ന്റെ ലാൻഡർ വിക്രവുമായി നഷ്ടമായ ബന്ധം പുന:സ്ഥാപിക്കാൻ തീവ്രപരിശ്രമം തുടരുന്ന ഐ എസ് ആർ ഒക്ക് ശുഭപ്രതീക്ഷ നൽകുന്നതാണ് നാസയുടെ നിലപാട്.
Discussion about this post