ഡൽഹി: പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തിന് പുറത്താക്കുക എന്നത് സർക്കാർ നയമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലോ റഷ്യയിലോ ഇംഗ്ലണ്ടിലോ അനധികൃതമായി താമസിക്കാൻ ഇന്ത്യക്കാർക്ക് സാധിക്കില്ല. സ്വാഭാവികമായും അന്യരാജ്യക്കാരെ അനധികൃതമായി താമസിപ്പിക്കാൻ ഇന്ത്യക്കും സാധിക്കില്ല. അതു കൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആസാമിൽ മാത്രമണ് നിലവിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയതെന്ന് കരുതി ഇത് ആസാമിന് മാത്രമാണ് ബാധകമെന്ന് കരുതേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ വീണ്ടും കൊണ്ടു വരുമെന്നും അത് വഴി പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ദുരിതമനുഭവിക്കുന്ന ഹിന്ദു, സിഖ് ബുദ്ധമത വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്നത് മേഘാലയയുടെ നിലവിലുള്ള അവകാശങ്ങളെ ഒരു തരത്തിലും ഹനിക്കില്ലെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്രാഡ് സാംഗ്മയ്ക്ക് ഉറപ്പ് നൽകിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
Discussion about this post