ഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശക്തമായ തീരുമാനമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നടപടിയെ തുടർന്ന് ജോലിയോ ഭൂമിയോ നഷ്ടപ്പെടുമെന്ന് കശ്മീരികൾ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വിദേശ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോഹൻ ഭാഗവത് വിവിധ വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ വിശദീകരിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിന്റെ ഏകീകരണത്തിന് വിഘാതമായി നിന്ന എല്ലാ തടസ്സങ്ങളും നീക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വമെന്നാൽ നാനാത്വത്തെയും ഏകത്വത്തെയും പ്രതിനിധാനം ചെയ്യുന്ന ആശയമാണെന്ന ആർ എസ് എസ് നിലപാട് അദ്ദേഹം വിശദീകരിച്ചു. ഹിന്ദുത്വത്തിന്റെ സംരക്ഷണത്തിൽ ഊന്നിയതാണ് ആർ എസ് എസിന്റെ പ്രവർത്തന ശൈലിയെന്നും ആർ എസ് എസിന് ഓരോ ഭാരതീയനും ഹിന്ദുവാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻ ഭാഗവതിനോടൊപ്പം ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയും മാദ്ധ്യമ പ്രവർത്തകരോട് സംവദിച്ചു. ജാതി സംവരണം, സ്വവർഗ്ഗ ലൈംഗികത, ദേശീയ പൗരത്വ രജിസ്റ്റർ, ഗോ സംരക്ഷണം, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയ വിവിധ വിഷയങ്ങളിലെ ആർ എസ് എസ് നിലപാട് നേതാക്കൾ വിശദീകരിച്ചു.
ദേശീയ പൗരത്വ രജിസ്റ്റർ ജനങ്ങളെ പുറത്താക്കാനുള്ളതല്ലെന്നും മറിച്ച് രാജ്യത്തെ യഥാർത്ഥ പൗരന്മാരെ കണ്ടെത്താൻ വേണ്ടി ഉള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പീഡിതരായ ഹൈന്ദവ, സിഖ്, ബൗദ്ധ, ജൈന സമുദായങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാർ നടപടിയെയും ആർ എസ് എസ് സ്വാഗതം ചെയ്തു.
ഗോ സംരക്ഷകരെന്ന പേരിൽ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങളെയും ആർ എസ് എസ് മേധാവി ശക്തമായി അപലപിച്ചു. എല്ലാ തരത്തിലുള്ള അക്രമങ്ങൾക്കും ആർ എസ് എസ് എതിരാണെന്നും അത്തരം പ്രവൃത്തികളിൽ ഏതെങ്കിലും സംഘ പ്രവർത്തകർ ഉൾപ്പെട്ടാൽ അവരെ ആർ എസ് എസ് സംരക്ഷിക്കില്ലെന്നും നിയമ മാർഗ്ഗം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടര മണിക്കൂർ നീണ്ടു നിന്ന സംവാദത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സംസാരിച്ചു. പത്ത് വർഷത്തെ യു പി എ ഭരണ കാലത്ത് ഉണ്ടായത് പോലെയുള്ള പദ്ധതി മരവിപ്പ് രാജ്യത്തില്ലെന്നും സമ്പദ് ഘടനയെ പറ്റി അനാവശ്യമായി ആകുലപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവരുമായി ആശയ സംവാദം നടത്താനുള്ള ആർ എസ് എസ് നയത്തിന്റെ ഭാഗമാണ് സർ സംഘ ചാലകിന്റെ മാദ്ധ്യമ സംവാദമെന്ന് ആർ എസ് എസ് പ്രസ്താവനയിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൺപതോളം മാദ്ധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷവും സമാനമായ മാദ്ധ്യമ സംവാദം ആർ എസ് എസ് ത്രിദിന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു.
Discussion about this post