ഡൽഹി: കാണാതായ ബി എസ് എഫ് ജവാന്റെ മൃതദേഹം നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും കണ്ടെത്തി. ബി എസ് എഫ് സബ് ഇൻസ്പെക്ടർ പരിതോഷ് മണ്ഡലിന്റെ മൃതദേഹമാണ് നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ അതിർത്തി രക്ഷാ സേനയാന പാക് റേഞ്ചേഴ്സ് കണ്ടെത്തിയത്. ഇദ്ദേഹത്തെ കഴിഞ്ഞ മാസം 28ആം തീയതി മുതൽ കാണാനില്ലായിരുന്നു.
ഇദ്ദേഹം വെള്ളക്കെട്ടിൽ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ബിഎസ്എഫും സംസ്ഥാന ദുരന്ത നിവാരണ സംഘവും കഴിഞ്ഞ മൂന്ന് ദിവസമായി പരിതോഷ് മണ്ഡലിന് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു. തിരച്ചിലിൽ പാക് റേഞ്ചേഴ്സും പങ്കാളികളായിരുന്നു. ഇദ്ദേഹം പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയാണ്.
തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന പാക് റേഞ്ചേഴ്സ് മൃതദേഹം കണ്ടെത്തിയ ശേഷം വിവരം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ പാകിസ്ഥാൻ മൃതദേഹം ഇന്ത്യക്ക് കൈമാറി. തിരച്ചിലിൽ പങ്കാളികളായ ഗ്രാമവാസികൾക്കും പാക് റേഞ്ചേഴ്സിനും നന്ദി അറിയിക്കുന്നതായി ബി എസ് എഫ് വ്യക്തമാക്കി.
Discussion about this post