ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന്റെ ശനിദശ അവസാനമില്ലാതെ തുടരുന്നു. ഹൈദരാബാദിലെ നൈസാമിന്റെ 306 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളിന്മേൽ പാകിസ്ഥാന് യാതൊരുവിധ അവകാശവുമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിച്ചു. വിഭജനത്തിന് ശേഷം ഇതു വരെ നിലനിന്ന ഏറ്റവും സങ്കീർണ്ണമായ തർക്കങ്ങളിൽ ഒന്നിനാണ് ബ്രിട്ടീഷ് കോടതിയിൽ ഇന്ന് തീരുമാനമായത്. ഒപ്പം പാകിസ്ഥാന്റെ നാണക്കേടുകളുടെ അദ്ധ്യായത്തിലേക്ക് ഒരു ഏട് കൂടി എഴുതി ചേർക്കപ്പെട്ടു.
ഇന്ത്യക്ക് അനുകൂലമായി പ്രസ്താവിക്കപ്പെട്ട വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് നൈസാമിന്റെ നിലവിലെ പിന്തുടർച്ചാവകാശിയായ മുഖാറം ഷായും സഹോദരൻ മുഫാഖം ഷായും അറിയിച്ചു. സമ്പാദ്യം നിലവിൽ ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്.
1948ൽ അന്നത്തെ നൈസാമായിരുന്ന ഒസ്മാൻ അലി ഖാന്റെ പക്കൽ നിന്നും പാകിസ്ഥാൻ ഹൈക്കമ്മീഷണർക്ക് കൈമാറ്റം ചെയ്യപ്പെട്ട സമ്പാദ്യമാണ് ഇതോടെ പാകിസ്ഥാന് നഷ്ടമായിരിക്കുന്നത്.
1948ൽ സർദാർ വല്ല്ഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ പോളോ‘ എന്ന സൈനിക നടപടിയിലൂടെ നൈസാമിന്റെ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയായിരുന്നു. ആ സമയത്ത് അന്നത്തെ നൈസാമിന്റെ മന്ത്രിയും ഉപദേശകനുമായിരുന്ന നവാബ് മോയിൻ നവാസാണ് ലണ്ടനിലെ പാക് സ്ഥാനപതിക്ക് നിക്ഷേപം കൈമാറിയത്.തുടർന്ന് നടന്ന നിയമ പോരാട്ടത്തിന്റെ ചരിത്രത്തിലെ ആവേശകരമായ അദ്ധ്യായത്തിനാണ് ലണ്ടൻ കോടതിയിൽ ഇന്ന് തിരശ്ശീല വീണത്.
Discussion about this post