അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകർനാഗിൽ മുൻ പിഡിപി നേതാവ് സജാദ് ഹുസൈൻ മന്തൂവിനെതിരെ ഭീകരർ വെടിയുതിർത്തു. ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ വെച്ചാണ് സജാദിനെതിരെ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ വയറിലും തുടയിലും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സജാദ് അപകടനില തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. നേരത്തെ അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് സമീപം ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പതിനാല് പേർക്ക് പരിക്കേറ്റിരുന്നു. കശ്മീരിൽ സർക്കാർ നിയന്ത്രണങ്ങൾ പടിപടിയായി നീക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലെ ഭീകരരുടെ ആക്രമണങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തിന് പിന്നിലുള്ളവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post