ഇസ്ലാമാബാദ്: ഇമ്രാൻ ഖാനെ അന്താരാഷ്ട്രതലത്തിൽ ലജ്ജിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ മാദ്ധ്യമം ഫ്രൈഡേ ടൈംസിന്റെ റിപ്പോർട്ട് പുറത്ത്. ഐക്യരാഷ്ട്ര പൊതു സഭയിൽ ഇമ്രാൻ ഖാൻ നടത്തിയ ഇന്ത്യാ വിരുദ്ധ- ഹിന്ദു വിരുദ്ധ പരാമർശങ്ങൾ സൗദി രാജകുമാരനെ ചൊടിപ്പിച്ചിരുന്നുവെന്നും കോപാകുലനായ അദ്ദേഹം സ്വകാര്യ വിമാനം അടിയന്തിരമായി തിരികെ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പാക് മാദ്ധ്യമം വെളിപ്പെടുത്തിയത്.
ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഇമ്രാൻ ഖാൻ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. അവിടെ നിന്നും കോർപ്പറേറ്റ് വിമാനത്തിൽ അമേരിക്കയിലേക്ക് പോകാനായിരുന്നു ഇമ്രാന്റെ പദ്ധതി. എന്നാൽ സൗദി രാജകുമാരൻ സൽമാൻ അദ്ദേഹത്തിന് പ്രത്യേക വിമാനം അനുവദിച്ചു. ആ വിമാനത്തിൽ അമേരിക്കയിലേക്ക് പോയി ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുത്ത് മടങ്ങവെ വിമാനത്തിന് തകരാർ സംഭവിച്ചത് മൂലം ഇമ്രാന്റെ യാത്ര മുടങ്ങുകയായിരുന്നു. ഈ വിഷയത്തിലാണ് പാക് മാദ്ധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നില്ലെന്നും ഇമ്രാന്റെ ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗം സൗദിയെ ചൊടിപ്പിച്ചുവെന്നും തത്ഫലമായി സൗദി രാജകുമാരൻ വിമാനം തിരികെ ആവശ്യപ്പെടുകയായിരുന്നുവെന്നും മാദ്ധ്യമം വെളിപ്പെടുത്തുന്നു. ഇമ്രാന്റെ പ്രസംഗം അൽഖ്വയിദ പോലെയുള്ള ഭീകരസംഘടനകളെ ന്യായീകരിക്കുന്നതായിരുന്നു. ഇസ്ലാമിക പാകിസ്ഥാൻ, ഹിന്ദു ഇന്ത്യ തുടങ്ങിയ ഇമ്രാന്റെ കാഴ്ചപ്പാടുകൾ സൗദിക്ക് അംഗീകരിക്കാനാകുന്നവ ആയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കശ്മീർ വിഷയത്തിൽ ഇന്ത്യൻ നയങ്ങളെ അംഗീകരിക്കുന്ന നിലപാടായിരുന്നു സൗദി സ്വീകരിച്ചിരുന്നത്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടന്ന ചർച്ചയിൽ സൗദി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യയുമായും ഊഷ്മള ബന്ധം കാത്ത് സൂക്ഷിക്കുന്ന സൗദി രാജകുമാരൻ, ഇമ്രാൻ ഖാനോട് ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Discussion about this post