സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകം. നവംബർ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകൾ കൈകാര്യം ചെയ്ത കേസുകളിൽ വിധിയുണ്ടാവും. ശബരിമല, റാഫേൽ, ഇ.പി.എഫ്. പെൻഷൻ എന്നിവയിലെ പുനഃപരിശോധനാ ഹർജികളും അയോധ്യ ഭൂമിതർക്ക കേസും പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ്.ദസറ അവധിയ്ക്ക് ശേഷം 14 നാണ് കോടതി തുറക്കുന്നത്.
ദീപാവലി, ഗുരുനാനക് ജയന്തി ആഘോഷങ്ങളുടെ അവധികൾകൂടി വരുന്നതിനാൽ നവംബർ 17-നുമുമ്പായി 18 പ്രവൃത്തിദിവസമേയുള്ളൂ. അതിൽ ആദ്യയാഴ്ചതന്നെ അയോധ്യക്കേസിലെ വാദങ്ങൾ പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചിരുന്നു. എല്ലാ പ്രവൃത്തിദിവസവും ഈ കേസ് കേൾക്കുന്നുണ്ട്.
അതേസമയം ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ അമ്പത്തഞ്ചോളം കേസുകളിൽ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിയിട്ട് എട്ടുമാസം കഴിഞ്ഞു. ഫെബ്രുവരി ആറിനാണ് വാദം കേട്ടശേഷം വിധിപറയാൻ മാറ്റിയത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേയുള്ള ഹർജികളാണിത്.
ഫ്രാൻസുമായുള്ള റാഫേൽ യുദ്ധവിമാന ഇടപാട് ശരിവെച്ചതിനെതിരായ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിയത് മേയ് 10-നാണ്. പുനഃപരിശോധനാ ഹർജികളിൽപ്പോലും വിധിപറയാൻ ഇത്രയും മാസങ്ങൾനീണ്ട കാലതാമസം അസാധാരണമാണെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്നുപറഞ്ഞ് ജൂലായ് 10-നു മാറ്റിവെച്ചതാണ് ഇ.പി.എഫ്. പെൻഷൻ കേസ്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകാനുള്ള കേരള ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. അതിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് വിധിപറയേണ്ടത്.
ഇപ്പറഞ്ഞ സുപ്രധാനമായ ഈ വിഷയങ്ങളെല്ലാം പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചായതിനാൽ അദ്ദേഹം വിരമിക്കുന്നതിനുമുമ്പായി ഇവയിലെല്ലാം വിധിപറയേണ്ടിവരും.
Discussion about this post