ഇടുക്കി രാജമല–മൂന്നാര്‍ റോഡില്‍ ജീപ്പില്‍ നിന്നു വീണ 11 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ജീവനക്കാരാണെന്ന വാദം പൊളിയുന്നു. മൂന്നാറിലെ ഓട്ടോഡ്രൈവര്‍ കനകരാജാണ് കുഞ്ഞിനെ രക്ഷിച്ചത്.പ്രേതഭയം കാരണം വനംവകുപ്പിലെ വാച്ചര്‍മാര്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.
റോഡിലൂടെ കുഞ്ഞ് ഇഴയുന്നത് കണ്ട വനംവകുപ്പ് ജീവനക്കാര്‍ പ്രേതമെന്നുകരുതി മാറിനിന്നെന്ന് കനകരാജ് പൊലീസിന് മൊഴി നല്‍കിയത്.വനംവകുപ്പ് രഹസ്യമാക്കി വച്ച സി.സി ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വനം വകുപ്പ് വാച്ചര്‍മാരാണ് കുട്ടിയെ രക്ഷിച്ചതെന്നായിരുന്നു വാദം.
സെപ്തംബറിലായിരുന്നു സംഭവം. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡില്‍ വീണത്. രാജമല ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചായിരുന്നു കുഞ്ഞ് തെറിച്ചുവീണത്. തെറിച്ചുവീണതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട വനപാലകരാണ് പുറത്തുവിട്ടിരുന്നത്. കുഞ്ഞ് നഷ്ടപ്പെട്ട കാര്യം വീട്ടിലെത്തിയതിന് ശേഷമാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനായിരുന്നു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്.
Discussion about this post