കൊഡര്‍മ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് വിവാദമായി. കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. ചടങ്ങിന് മുന്‍പ് മുന്‍ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മന്ത്രി മാലയിടുകയായിരുന്നു. ബി.ജെ.പി എം.എല്‍.എ മനീഷ് ജെയ്‌സ്‌വാളിന്റേയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റേയും മറ്റ് നിരവധി വ്യക്തികളുടേയും മുന്നിലാണ് ഈ സംഭവം നടന്നത്. എന്നാല്‍ തങ്ങള്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്ന് അവിടെ സന്നിഹിതരായിരുന്ന ആര്‍ക്കും മനസിലായില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഹിന്ദു വിശ്വാസപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് അശുഭമാണ്. മരിച്ചവരുടെ ഫോട്ടോയില്‍ അവരോടുള്ള ആദരസൂചകമായാണ് മാല ചാര്‍ത്തുന്നത്. സംഭവം വിവാദമായതോടെ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രത്തില്‍ മാല ചാര്‍ത്താന്‍ പാടില്ലെന്ന വിവരം സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിക്ക് അറിവില്ലേ എന്ന ചോദ്യം അവിടെ ഉയര്‍ന്നു
എന്നാല്‍ സ്‌കൂളുകളിലും മറ്റും വലിയ നേതാക്കളുടെ ചിത്രം വയ്ക്കാറുണ്ടെന്നും അതില്‍ മാലചാര്‍ത്തുന്നത് അവരോടുള്ള ആദരസൂചകമായാണെന്നും നീര യാദവ് പ്രതികരിച്ചു. കലാം മഹാനായ ശാസ്ത്രജ്ഞനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തുന്നതില്‍ തെറ്റില്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post