ജമ്മു കശ്മീരിലും പഞ്ചാബിലും അശാന്തി സൃഷ്ടിക്കുന്നതിനായി പാക്കിസ്ഥാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി കൈകോർത്ത് കശ്മീർ ഖാലിസ്ഥാൻ റഫറണ്ടം ഫ്രണ്ട് (കെകെആർഎഫ്) എന്ന പേരിൽ പുതിയ ഭീകരസംഘം രൂപികരിച്ചുവെന്ന് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയരിക്കുന്നത്.
പാക്കിസ്ഥാനിലെ കുപ്രസിദ്ധ ചാര ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഖാലിസ്ഥാൻ തീവ്രവാദികളുമായി സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്. പുതുതായി രൂപ കൊണ്ട തീവ്രവാദ ഗ്രൂപ്പിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതു കൂടാതെ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജീകരിച്ച് ഇന്ത്യയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
പഞ്ചാബിലെ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാൻ പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽ തീവ്രവാദികളെ അണിനിരത്തി ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ അയക്കുന്നു. കശ്മീർ ,ഖാലിസ്ഥാൻ എന്നിവയ്ക്കായി കെ2 പദ്ധതി സജീവമാക്കുകയും ചെയ്തു.
ഭബ്ബാർ ഖൽസ ഖാലിസ്ഥാൻ ഫോഴ്സ്, പാക്കിസ്ഥാൻ ആർമി തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കാനും,പഞ്ചാബിലൂടെ ഇന്ത്യയുടെ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാനും നിലയുറപ്പിച്ചിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് പാക്കിസ്ഥാന്റെ കെ2 പദ്ധതി ഒരേ സമയം സജീവമാക്കുന്ന നടപടികളാണ് നടക്കുന്നത്. അതിനാൽ ഇന്ത്യൻ സുരക്ഷാ സേന ഇരു സംസ്ഥാനങ്ങളിലും ജാഗ്രതയോടെ ഇരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐഎസ് ഐയുടെ സഹായത്തോടെ പഞ്ചാബിൽ നിരവധി ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾ പാക്കിസ്ഥാൻ സജീവമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ യുണൈറ്റഡ് കിംഗ്ഡം, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ പാക്കിസ്ഥാൻ ഹൈക്കമീണറുടെ സഹായത്തോടെ താവളം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നതാണ്.
പാക്കിസ്ഥാനിലെ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ കർതാർ പൂർ ഇടനാഴി പദ്ധതി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാരിന് ആശങ്കയുണ്ട്.ഖാലിസ്ഥാൻ അനുകൂല പ്രചാരണവുമായി ദേവാലയം സന്ദർശിക്കാൻ വരുന്ന സിഖ് തീർത്ഥാടകരെ സ്വാധീനിക്കാൻ ഐഎസ്ഐ ശ്രമിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നു.
Discussion about this post