സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഇല്ലാതാക്കാന്‍ മൂന്നുപതിറ്റാണ്ടിന് മുമ്പേ ഇസ്ലാമിക ഭീകരസംഘടനകള്‍ പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ച ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് എല്‍ഡിഎഫും പിന്നീട് യുഡിഎഫും ഇത്തരം സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ജന്മഭൂമിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
തൊഴിയൂര്‍ സുനില്‍കമാറിനേയും മോഹന ചന്ദ്രനേയും വധിച്ച ഭീകര സംഘടനയായ ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ യുടെ തുടക്കം കുറിച്ചത് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ (എ.പി. അബൂബക്കര്‍ മുസലിയാര്‍) രൂപീകരിച്ച ‘സുന്നി ടൈഗര്‍ ഫോഴ്‌സി'(എസ്‌ടിഎഫ്)ലൂടെയെന്ന് 1997 ലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും സുന്നി ടൈഗര്‍ ഫോഴ്‌സാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിം ഭീകര സംഘടനയായ അല്‍-ഉമ, ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്നിവയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്നത്തെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു എന്നും ജന്മഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
1995 ഡിസംബര്‍ 29 ന് വാടാനപ്പിള്ളി രാജീവ്, 1996 ആഗസ്ത് ഒമ്പതിന് മതിലകം സന്തോഷ്, 1996 ആഗസ്ത് 14 ന് കൊല്ലങ്കോട് മണി, 1996 ആഗസ്ത് 23 ന് വാളഞ്ചേരി മഠത്തില്‍ താമി എന്നിവര്‍ കൊല്ലപ്പെട്ടു. താമിയുടെ കൊലപാതകത്തിലെ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യവെയാണ് 1995 ആഗസ്ത് 18 ന് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മോഹനചന്ദ്രന്റേത് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ ആസൂത്രണം ചെയ്ത കൊലപാതകം ആയിരുന്നെന്ന് വെളിപ്പെടുത്തുന്നത്. മോഹനചന്ദ്രന്റെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതും ഇതേ ഭീകര സംഘടനയെന്ന് കണ്ടെത്തി. അപ്പോഴേക്കും സുനിലിന്റെ കൊലപാതകികളെന്ന് പോലീസ് കണ്ടെത്തിയവരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ ലഭിച്ച് ജയിലിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നായനാര്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും അന്ന് അത് പൂഴ്ത്തി വച്ചു. തൊഴിയൂര്‍ സുനില്‍കുമാറിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിനെതിരെ സിപിഎമ്മില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആ കേസ് മാത്രം പുനരന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആ കേസിലാണ് ഇപ്പോള്‍ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആറ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അന്‍വാരി എന്ന സെയ്ദലവി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ചിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല എന്നാണ് ആരോപണം
Discussion about this post