വര്‍ക്കല: പൊതുടാപ്പിനടുത്ത് നിന്ന് പരസ്യമായി നഗ്നത കാട്ടി കുളിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിനെ പത്തംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബിജെപി പ്രവര്ത്തകനായഅയിരൂര് ഇലകമണ്‍ പാണില്‍ ഒലിപ്പുവിള വീട്ടില്‍ ബാബുവാണ് (58) മരിച്ചത്.
ലോട്ടറി വില്പനക്കാരനായ ബാബു പാണില്‍ കോളനിയിലെ ബി.ജെ.പിയുടെ സജീവ പ്രവര്ത്തകന് കൂടിയാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കോളനിയിലെ പൊതുടാപ്പില്‍ നിന്നും എതിര് രാഷ്ട്രീയ ചേരിയില്‍പ്പെട്ട ചിലര്‍ നഗ്നത പുറത്തുകാട്ടി പരസ്യമായി കുളിക്കുന്നത് ബാബു ചോദ്യം ചെയ്തുവെന്ന് പോലിസിന് നല്കിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് രാത്രി സംഘടിച്ചെത്തിയ പത്തംഗ സംഘം ബാബുവിനെ കമ്പിയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. ഇവര്‍ റിമാന്റിലാണ്. ബാക്കി പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം രാവിലെ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി ബിജെപിയുടെ കൊടിനാട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post