വാളയാര്‍ പീഡനകേസില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു പരാമര്‍ശിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രമേയം വിവാദത്തില്‍. ഇന്നലെ കോഴിക്കോട് നടന്ന അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണു വിവാദ പരാമര്‍ശമുള്ളത്.
‘പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പള്ളത് എട്ടും പതിനൊന്നും വയസുള്ള ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.’
പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നതാണു പ്രമേയത്തിലെ പ്രധാന ആവശ്യം. എന്നാല്‍ പ്രമേയത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇരുവരുടെയും മരണം കൊലപാതകമാണെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് മുഖ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ ഭാഗമായ വനിതാ സംഘടന മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പ്രമേയം അവതരിപ്പിച്ചത്.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷന് തീര്‍ച്ചപ്പെടുത്തിയത് എങ്ങനെയാണെന്നു ചോദിക്കുന്ന തരത്തില്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Discussion about this post