അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥിരീകരണം. ഐഎസ് തലവനെ വധിച്ചുവെന്ന വിവരം ശബ്ദ സന്ദേശത്തിലൂടെ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.അമേരിക്കയുടെ പ്രഖ്യാപനം വന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ഐഎസ് സ്ഥിരീകരിക്കുന്നത്.
ബാഗ്ദാദിയുടെ പിൻഗാമിയായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ ഖലീഫയാക്കിയതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
‘വിശ്വാസികളുടെ നേതാവേ, അങ്ങയുടെ വിയോഗത്തിൽ ഞങ്ങൾ വിലപിക്കുന്നു’ എന്ന് പറഞ്ഞാണ് ശബ്ദസന്ദേശം തുടങ്ങുന്നത്.
ഐഎസ് വക്താവായി അവതരിപ്പിക്കപ്പെടുന്ന അബു ഹംസ അൽ ഖുറേഷിയുടേതാണ് ശബ്ദസന്ദേശം. ഐഎസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യപ്പെട്ട സന്ദേശം മുൻ വക്താവ് അബു ഹസൻ അൽ മുജാഹിറിന്റെ മരണവും സ്ഥിരീകരിക്കുന്നു.
അമേരിക്കയ്ക്കും ഡൊണാൾഡ് ട്രംപിനും ശബ്ദസന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡൊണാൾഡ് ട്രംപിനെ കിഴവനെന്ന് വിശേഷിപ്പിക്കുന്ന സന്ദേശം ഇനി വരാൻ പോകുന്ന ബാഗ്ദാദിയുടെ കാലത്തുണ്ടായതിനേക്കാൾ വലിയ ആക്രമണങ്ങളാണെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.
Discussion about this post