ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ശശി തരൂര്‍ എം.പി. ചിലര്‍ കെട്ടിചമച്ച വാര്‍ത്തയാണിതെന്നും തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയോഗത്തില്‍ ശശി തരൂര്‍ പറഞ്ഞ അഭിപ്രായം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് സോണിയ ഗാന്ധി തരൂരിനെ ശാസിച്ചെന്നായിരുന്നു വാര്‍ത്ത. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് ശശി തരൂര്‍, കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് ഇംഗ്ളീഷ് ദിനപ്പത്രത്തിലൂടെ പുറത്തു വന്നത് അധ്യക്ഷയെ ചൊടിപ്പിച്ചെന്നും തുടര്‍ന്ന് സോണിയ തരൂരിനെ വിമര്ശിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍.
ഓക്സ്ഫഡില്‍ താന്‍ അവതരിപ്പിച്ച പ്രസംഗം ലോകം അംഗീകരിച്ചത് അതിശയിപ്പിച്ചുവെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല സോണിയയും രാഹുലും തന്നെ അഭിനന്ദിച്ചിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post