കൊച്ചി: ആനവേട്ടക്കേസില്‍ പ്രതി കെ.ഡി. കുഞ്ഞുമോന്റെ പേരില്‍ തയ്യാറാക്കിയത് വ്യാജമൊഴിയെന്ന് വിജിലന്‍സ്.
25 ആനകളെ കൊന്നു എന്ന് മുഖ്യപ്രതികളിലൊരാളായ കെ.ഡി കുഞ്ഞുമോന്‍ മൊഴി നല്‍കിയെന്നത് വ്യാജരേഖയാണെന്ന് വിജിലന്‍സ് കണ്ടെത്തി. സെക്ഷന്‍ ഓഫീസര്‍ എന്‍ ശിവകുമാറിനെ കുടുക്കാന്‍ ചിലര്‍ മനപ്പൂര്‍വം നടത്തിയ നീക്കമാണിതെന്നാണ് കരുതുന്നത്.
കാട്ടില്‍ കൊല്ലപ്പെട്ട ആനകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നതിനെതിരെ കേസിന്റെ തുടക്കം മുതലേ നീക്കം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഈ വ്യാജരേഖക്കു പിന്നിലും വനം വകുപ്പിലെ ചിലരാണെന്നാണ് കരുതുന്നത്.
കുഞ്ഞുമോന്റെ മൊഴിയെടുത്തത് ശിവകുമാറാണ് എന്നാണ് രേഖയില്‍ ഉള്ളത്. എന്നാല്‍ താന്‍ ഇങ്ങനെയൊരു മൊഴിയെടുത്തിട്ടില്ലെന്ന് വനംവകുപ്പിന്റെ വിജിലന്‍സിനു മുന്നില്‍ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കൈയക്ഷരം പരിശോധിച്ചതില്‍ നിന്നും അത് ശിവകുമാറിന്റേതല്ല എന്നും വ്യക്തമായി. മൊഴിയെടുത്താല്‍ അതിനു താഴെ അന്വേഷണ ഉദ്യോഗസ്ഥന്‍ പേരും പദവിയുമെഴുതി ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ ഈ മൊഴിയില്‍ പേരുമാത്രമേയുള്ളൂ. മൊഴിയില്‍ രേഖപ്പെടുത്തിയ കെ.ഡി. കുഞ്ഞുമോന്റെ ഒപ്പും വിരലടയാളവും വ്യാജമാണെന്നും കണ്ടെത്തി.
Discussion about this post