റാഫേല്‍ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യസന്ധതയും സുതാര്യതയും ഒരിക്കല്‍ കൂടി തെളിഞ്ഞെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റാഫേല്‍ ഇടപാടില്‍ നുണ പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധി. രാജ്യതാത്പര്യം മറന്ന് പൊള്ളയായ അഴിമതി ആരോപണ ഉന്നയിച്ചു കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും പരസ്യമായ മാപ്പു പറയണമെന്നും അമിത് ഷാ.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് റാഫേല്‍ കേസിലെ പുന:പരിശോധന ഹര്‍ജി തള്ളിയത്. ഇടപാടില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു അഴിമതിയും ഉണ്ടായിട്ടില്ലെന്ന വിധി കോടതി ശരിവച്ചു.
കരാറില്‍ അഴിമതിയില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്കിയ 2018 ഡിസംബറിലെ വിധിക്കെതിരേയാണ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി കഴിഞ്ഞ ഡിസംബര്‍ 14നാണ് സുപ്രീംകോടതി തള്ളിയത്.
Discussion about this post