കേരളത്തിലെ ബീച്ചുകള്‍ മാലിന്യങ്ങളുടെ കൂമ്പാരമാകുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍.സി.സി.ആര്‍.) രാജ്യത്തുടനീളം നടത്തിയ കടല്‍ത്തീര ശുചീകരണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ബീച്ചുകളിലെ മലിനീകരണത്തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും സമുദ്രവും കടല്‍ത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എന്‍.സി.സി.ആര്‍. ഡയറക്ടര്‍ എം.വി. രമണ പറഞ്ഞു.
രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം ആണ് ഇതുവരെ നീക്കംചെയ്തത്. അതില്‍ കേരളമാണ് മാലിന്യക്കൂമ്പാരത്തില്‍ ഒന്നാംസ്ഥാനത്ത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കടലോരത്ത് മാലിന്യം ഏറ്റവും കുറവുള്ള സംസ്ഥാനം ഒഡിഷയാണ്. ലക്ഷക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഗോവയിലെ ബീച്ചുകളില്‍ കൃത്യമായ ശുചീകരണം നടത്തുന്നുണ്ട്.
രണ്ടു മണിക്കൂറിനുള്ളില്‍ കേരളത്തിലെ അഞ്ചു ബീച്ചുകളിലാണ് ശുചീകരണം നടത്തിയത്. 9519 കിലോഗ്രാം മാലിന്യം ആണ് ഇവിടെ നിന്നും ലഭിച്ചത്. മഹാരാഷ്ട്രയിലെ മൂന്നു ബീച്ചില്‍ നിന്ന് 5930 കിലോയും ഒഡിഷയിലെ നാലു ബീച്ചില്‍ നിന്ന് 478.2 കിലോയും മാലിന്യം ശേഖരിച്ചു. ചെന്നൈയില്‍ മറീന ബീച്ചും എലിയറ്റ് ബീച്ചും മാലിന്യക്കൂമ്പാരത്തില്‍ മുന്നിലുണ്ട്.
കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം ശേഖരിച്ചത്. 8004 കിലോയാണ് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും പ്‌ളാസ്റ്റിക് മാലിന്യം ആണ്. കഴക്കൂട്ടം, പെരുന്തുറ ബീച്ചുകളില്‍ നിന്ന് കൂടുതല്‍ മദ്യക്കുപ്പികള്‍ ആണ് ലഭിച്ചത്. മാലിന്യത്തില്‍ 60 ശതമാനത്തിലധികം മദ്യക്കുപ്പികള്‍ ആയിരുന്നു.
കേരളബീച്ചുകള്‍ മാലിന്യകൂമ്പാരമായി മാറുന്നതിന്റെ പ്രധാന കാരണം ഉത്തരവാദിത്വമില്ലാത്ത വിനോദസഞ്ചാരം ആണ്.
Discussion about this post