കൊളംബോ: ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ശ്രീലങ്കയുടെ ഇരുപത്തിമൂന്നാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മഹിന്ദ രാജപക്ഷെ. മുന്‍ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്ഷെ വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. കൊളംബോ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മഹിന്ദയുടെ അനുജനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോട്ടാഭയ രാജപക്ഷെയാണ് മഹിന്ദയെ സത്യപ്രതിജ്ഞ ചെയ്യിച്ചത്.
മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ ട്വീറ്റു ചെയ്തു. ഇന്ത്യാ-ലങ്ക ബന്ധം ശക്തമാക്കുന്നതിനു യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു താത്പര്യം പ്രകടിപ്പിച്ചും പ്രധാനമന്ത്രിയായതില്‍ മഹിന്ദയെ അഭിനന്ദിച്ചും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റു ചെയ്തിരുന്നു.
അടുത്തവര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മഹിന്ദയുടെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭ അധികാരത്തില്‍ തുടരും.
ഡെമോക്രാറ്റിക്, സോഷ്യലിസ്റ്റ് റിപ്പബ്‌ളിക് ഓഫ് ശ്രീലങ്കയുടെ ആദരണീയനായ പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍- സത്യ പ്രതിജ്ഞാ ചടങ്ങിനുശേഷം ഗോട്ടാഭയ ട്വീറ്റു ചെയ്തു. നേരത്തേ മഹിന്ദയുടെ കീഴില്‍ പ്രതിരോധ സെക്രട്ടറിയായി ഗോട്ടാഭയ പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും ചേര്‍ന്നാണ് എല്‍ടിടിഇയെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തിയത്. ഗോട്ടാഭയയെക്കാള്‍ കൂടുതല്‍ ജനപ്രീതിയുള്ള നേതാവാണ് മഹിന്ദ. രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഇന്നലത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post