ജയ്പൂര്‍: അയോധ്യയില്‍ ‘മഹാ ക്ഷേത്രം’ നിര്‍മിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ മാധ്യമങ്ങളോടാണ് സംസാരിക്കവേയാണ് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ആ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കണമെന്നും പൈലറ്റ് പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി അയോധ്യയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവര്‍ അത് ആര്‍ക്കും ഗുണം ചെയ്യുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ സുപ്രിം കോടതി വിധിപറഞ്ഞതിന് പിന്നാലെ തങ്ങള്‍ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നു എന്ന് കോണ്‍ഗ്രസ് ദേശീയവക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
Discussion about this post