പുലര്‍ച്ചെ 5.45ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ തൃപ്തിയും സംഘവും സംരക്ഷണം ആവശ്യപ്പെട്ട് കമീഷണര്‍ ഓഫീസിലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും തൃപ്തിയോടൊപ്പമുണ്ട്. യുവതികള്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കുന്നുവെന്നും ശബരിമല ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.
തൃപ്തി ദേശായി എത്തിയതറിഞ്ഞ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ മിനിറ്റുകള്‍ക്കകം എത്തിയത് നൂറ് കണക്കിന് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍. സ്ത്രീകളും അയ്യപ്പന്മാരും അടങ്ങുന്ന വലിയ സംഘം കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ നാമജപം മുഴക്കി പ്രതിഷേധിക്കുകയാണ്.
ദേശായിയും സംഘവും മടങ്ങാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ശബരിമല കര്‍മസമിതി അറിയിച്ചു. തൃപ്തി ദേശായി മടങ്ങുന്നത് വരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നാമജപ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, തൃപ്തി ദേശായിയെ മടക്കി അയക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനമെന്നാണ് വിവരം. ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ നല്‍കില്ലെന്നും വിമാനത്താവളത്തിലെത്തിക്കാന്‍ സുരക്ഷ നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. കൊച്ചിയില്‍നിന്ന് പൂണെയിലേക്ക് ഇനി വൈകിട്ടാണ് വിമാനമുള്ളത്. അതുവരെ തൃപ്തി ദേശായി പോലീസ് സംരക്ഷണത്തില്‍ തുടരുമെന്നാണ് സൂചന.
Discussion about this post