തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ തന്റെ മകളും ഉൾപ്പെട്ടിട്ടുള്ളതായി തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. നിമിഷയുടേതുൾപ്പെടെയുള്ള ചിത്രങ്ങള്‍ ലഭിച്ചതായി ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് പാലക്കാട് സ്വദേശി ഈസയ്ക്കൊപ്പം 2016ൽ നാടു വിട്ട നിമിഷയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ ഈസയുടെ അമ്മയും തിരിച്ചറിഞ്ഞതായും ബിന്ദു സ്ഥിരീകരിച്ചു.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ തൊള്ളായിരത്തോളം പേർ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായും അവരിൽ ഭൂരിഭാഗം പേരും മലയാളികൾ ആണെന്നും വിവരമുണ്ടായിരുന്നു. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നതായും സ്ഥിരീകരണം ഉണ്ടായിരുന്നു.
വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കായി എൻ ഐ എ അഫ്ഗാൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് വരികയാണ്. നിമിഷയുടെ മതം മാറ്റവും തുടർന്നുള്ള നാടു വിടലും ലൗ ജിഹാദിന്റെ സ്പഷ്ടമായ ഉദാഹരണമാണെന്ന് സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു. മകളുടെ ദുരവസ്ഥയ്ക്ക് തടയിടാൻ അധികാരികളെ നിരവധി തവണ സമീപിച്ചിട്ടും നീതി കിട്ടാത്ത നിമിഷയുടെ അമ്മ ബിന്ദു ലൗ ജിഹാദ് പോലെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ പിന്നീട് ശക്തമായി രംഗത്ത് വന്നിരുന്നു.
Discussion about this post