തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫിസിലും പരിശോധന നടത്തി ക്രൈംബ്രാഞ്ച്. അപായപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച് നടി മഞ്ജു വാര്യര്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃശൂര്‍ ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ സി.എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പാലക്കാട്ടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്. ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മഞ്ജുവിന്റെ പരാതി.
മൊഴി നല്‍കാന്‍ ശ്രീകുമാര്‍ മേനോനോട് ഞായറാഴ്ച തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നല്‍കിയ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി അടക്കമുള്ള ഏഴ് സാക്ഷികളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.
Discussion about this post