തൃശൂര്‍: തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍ എത്തിച്ചത്.
രണ്ടു പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു.
നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു. തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.
Discussion about this post