ലണ്ടന്‍ :ഏറെക്കാലമായി ഇന്ത്യ ആവശ്യപ്പെട്ടുവരുന്ന വിഖ്യാതമായ കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എംപി കീത്ത് വാസ് രംഗത്ത്. നവംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന് സന്ദര്‍ശിക്കാനെത്തുമ്പോള്‍ കോഹിനൂര്‍ രത്നം തിരികെ നല്‍കണമെന്നാണ് ഏറെക്കാലമായി ബ്രിട്ടനിലെ എംപിയും ഏഷ്യന്‍ വംശജനുമായ കീത്ത് വാസ് ആവശ്യപ്പെട്ടത്.
രണ്ടുനൂറ്റാണ്ടത്തെ കോളനി വാഴ്ചക്കാലത്ത് ബ്രിട്ടന് ഇന്ത്യയോടു ചെയ്ത അനീതികള്‍ക്കു പരിഹാരം വേണമെന്ന് ശശി തരൂര്‍ ഈയിടെ ഓക്സ്ഫഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സോഷ്യല്‍ മീഡിയകളില്‍ പരക്കെ ഇടം പിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് എംപി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ശശി തരൂരിന്റെ പ്രസംഗത്തെയും അതിനോടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. എനിക്കും ഇക്കാര്യത്തില്‍ ഇതേ കാഴ്ചപ്പാടു തന്നെയാണുള്ളത്. അദേഹം ഉയര്‍ത്തിയ ആവശ്യങ്ങളൊക്കെയും പരിഗണിക്കപ്പെടേണ്ട ന്യായമായ ആവശ്യങ്ങളാണ് കീത്ത് പ്രസ്താവനയില്‍ പറഞ്ഞു. പണമായി നഷ്ടപരിഹാരം നല്‍കണമെന്നു പറയുന്നത് പ്രായോഗികമായ കാര്യമല്ല. ഇത് സമയമെടുക്കുന്നതും നിഷ്ഫലവുമായ കാര്യമാണ്. എന്നാല്‍, ഇന്ത്യയില്‍നിന്ന് കൊണ്ടുവന്നിട്ടുള്ള കോഹിനൂര്‍ രത്നം പോലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ നല്‍കാത്തത് അംഗീകരിക്കാവുന്നതല്ല. താനും വര്‍ഷങ്ങളായി ഇതിനായി വാദമുയര്‍ത്തി വരികയായിരുന്നുവെന്നും കീത്ത് വാസ് ചൂണ്ടിക്കാട്ടി.
മോദി നവംബറില്‍ ബ്രിട്ടന് സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ബ്രിട്ടീഷ് സന്ദര്‍ശനത്തിന് ശേഷം കോഹിനൂര്‍ രത്നവുമായി മോദി തിരിച്ചു പോകുന്ന രംഗം എത്ര മനോഹരമായിരിക്കുമെന്നും കീത്ത് വാസ് ചോദിച്ചു.
ആന്ധ്രയിലെ കള്ളാര്‍ ഖനികളില്‍നിന്ന് മധ്യയുഗത്തില്‍ ഖനനം ചെയ്തെടുത്ത അമൂല്യ രത്നക്കല്ലാണ് കോഹിനൂര്‍. ഏറെക്കാലം കാക്കാത്തീയ രാജവംശത്തിന്റെ കൈവശമായിരുന്നിത്. പിന്നീട് പല കൈകള്‍ മാറിയ ഈ അമൂല്യരത്നം ഒടുവില്‍ ബ്രിട്ടീഷുകാര്‍ ബലമായി തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം അലങ്കരിക്കുന്നു.കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരിച്ചുതരണമെന്ന് പലവട്ടം ആവശ്യം ഉയര്‍ന്നെങ്കിലും ബ്രിട്ടന് ചെവിക്കൊണ്ടിരുന്നില്ല.
Discussion about this post