ഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വബില്ലിന്മേല് ചര്‍ച്ച നടക്കുക. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.
ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കും. കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതോടെയാണ്, ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. പ്രധാനവിഷയങ്ങളില്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് പൊതു മിനിമം പരിപാടിയില്‍ വ്യക്തമാക്കിയതാണ്. ഇത് ലംഘിച്ചെന്നും, മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ തുടരണോ എന്ന് ആലോചിക്കുമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബില്ലിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്നും അതിനാല്‍ രാജ്യസഭയില്‍ പിന്തുണ ഇല്ലെന്നും ശിവസേന പിന്നീട് നിലപാട് തിരുത്തി. ശിവസേന നിലപാട് ആരുടെയും ഇഷ്ടം നോക്കിയല്ലെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
നിലവില്‍ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എങ്കില്‍ 127 പേരുടെ പിന്തുണയാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Discussion about this post