ശബരിമല: പ്രളയത്തെത്തുടര്‍ന്ന് കുത്തിയൊഴുകുന്ന പമ്പാനദി നീന്തിക്കടന്ന് അയ്യപ്പന് നിറപുത്തരി കാണിക്ക വയ്ക്കാന്‍ സഹായിച്ച ജോബിക്കും ബിനുവിനും ജോലി നല്കി ദേവസ്വംബോര്‍ഡ്. സന്നിധാനത്തെ കാണിക്ക എണ്ണുന്ന ഭണ്ഡാരത്തിലെ താത്കാലിക ജീവനക്കാരായാണ് നിയമനം.
കഴിഞ്ഞദിവസം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദില്‍ നിന്ന് നിയമന ഉത്തരവ് വാങ്ങി അവര്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുമുമ്പ് അയ്യപ്പസ്വാമിയെ തൊഴുതു.
2018-ലെ പ്രളയത്തെ തുടര്‍ന്ന് മുടങ്ങാമായിരുന്ന തിരുസന്നിധിയിലെ നിറപുത്തരി ആഘോഷത്തിന് തടസം വരാതിരിക്കുന്നതിന് പമ്പാനദി നീന്തിക്കടന്ന് നെല്ക്കതിര്ക്കെട്ട് സന്നിധാനത്ത് എത്തിച്ചത് കണമല സ്വദേശി ജോബിയും തുലാപ്പള്ളി സ്വദേശി ബിനുവുമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി പമ്പയിലെ ട്രാക്ടര്‍ ഡ്രൈവറായിരുന്നു ജോബി. ബിനു ട്രാക്ടറിലെ സഹായിയും. നിറപുത്തരി ചടങ്ങ് മുടങ്ങാതിരിക്കാന്‍ അവര്‍ കാട്ടിയ ധൈര്യത്തിന് അന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 5001 രൂപ സമ്മാനം നല്‍കിയിരുന്നു. ജോലി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എല്ലാം നിയോഗമാണെന്നായിരുന്നു ബിനുവിന്റെയും ജോബിയുടേയും പ്രതികരണം. അന്ന് പുഴ നീന്താന്‍ തോന്നിപ്പിച്ചതും ഇന്ന് ഒരു വരുമാന മാര്‍ഗ്ഗം തന്നതും അയ്യപ്പനാണെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതിനായി ഇരുവരും അപേക്ഷ നല്‍കിയെങ്കിലും ബോര്‍ഡ് പരിഗണിച്ചില്ല. റിക്രൂട്ട്മെന്റ് ബോര്‍ഡ് നിലവില്‍ വന്നതിനാല്‍ ഭണ്ഡാരത്തില് ഇവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ നിയമവശം പരിശോധിക്കേണ്ടതുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. അധികം വൈകാതെ ഈ ജോലി സ്ഥിരപ്പെടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.
Discussion about this post