ഇസ്താന്‍ബുള്‍: തുര്‍ക്കിഷ് ജെറ്റ് വിമാനങ്ങളുടെ സഹായത്തോടെ വടക്കന്‍ ഇറാക്കിലെ കുര്‍ദ്ദ് വിമതര്‍ക്കെതിരെ തുര്‍ക്കി വ്യോമാക്രണം ശക്തമാക്കി. കുര്‍ദ്ദ് വിമതരുമായുള്ള സമാധാന ശ്രമങ്ങള്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ്
റജബ് തയ്യബ് എര്ദോഗന് വ്യക്തമാക്കി.ഇതിനു പിന്നാലെയാണ് കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ താവളങ്ങള്‍ ലക്ഷമാക്കി ബുധനാഴ്ച രാത്രി തുര്‍ക്കിഷ് ജെറ്റുകള്‍ ശക്തമായ വ്യോമാക്രണം നടത്തിയത്.
വെള്ളിയാഴ്ച മുതലാണ് സിറിയയിലേയും ഇറാക്കിലെയും കുര്‍ദ്ദ് തീവ്രവാദികള്‍ക്കു നേരെ തുര്‍ക്കി വ്യോമാക്രമണം ആരംഭിച്ചത്. ഇതിനിടെ സ്വന്തം മണ്ണില്‍ കുര്ദ്ദികളില് നിന്നും തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് തുര്‍ക്കി വ്യോമാക്രമണം ശക്താക്കിയത്. ഞായറാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയിലുള്ള ലൈസ് പട്ടണത്തിലെ പൊലീസ് സ്റ്റേഷനോടു ചേര്‍ന്ന് കുര്‍ദ് വിമതര്‍ സ്ഥാപിച്ചതെന്നു കരുതുന്ന കാര്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെടിവയ്പും ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി.കെ.കെ രംഗത്തെത്തിയിരുന്നു.
അതേസമയം, തുര്‍ക്കിയുടെ നടപടിയെ ഇറാക്ക് എതിര്‍ത്തു. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ് തുര്‍ക്കി നടത്തുന്നതെന്ന് ഇറാക്ക് ഭരണകൂടം പ്രതികരിച്ചു. തുര്‍ക്കിയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ തങ്ങളുടെ അതിര്ത്തിയ്ക്കുള്ളില് നിന്നും ഉണ്ടായതല്ലെന്നും ഇറാക്ക് വ്യക്തമാക്കി.
Discussion about this post