ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ 21-കാരിയെ പുനര്‍വിവാഹം നടത്തിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് സിദ്ധന് ബലാത്സംഗം ചെയ്തതായി പരാതി. നവംബര്‍ 23-നു യുവതിയുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.
പിന്നീട് മനംമാറ്റംവന്നപ്പോള് വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, യുവതിയെ പുനര്‍വിവാഹം ചെയ്യണമെങ്കില്‍ ‘നിക്കാഹ് ഹലാല’ നടത്തണമെന്ന് അന്‍വര്‍ ബാബ (50) എന്ന സിദ്ധന് നിര്‍ദേശിച്ചു. മുത്തലാഖ് ചൊല്ലിയശേഷം അതേസ്ത്രീയെ വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരു പുരുഷന് വിവാഹംചെയ്ത് മൊഴിചൊല്ലണമെന്ന ആചാരമാണ് ‘നിക്കാഹ് ഹലാല’. ഇതനുസരിച്ച് യുവതിയെ തന്റെ ഫ്ലാറ്റിലെത്തിച്ച് അന്‍വര്‍ ബാബ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം.
തിരികെയെത്തിയ യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ ഭര്‍ത്താവിനും സിദ്ധനുമെതിരേ യുവതി പരാതി നല്‍കുകയായിരുന്നു. മുത്തലാഖ് നിരോധന നിയമമനുസരിച്ച് യുവതിയുടെ ഭര്‍ത്താവിനെയും ബലാത്സംഗം ചെയ്തതിനു സിദ്ധനെയും ബുധനാഴ്ച ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തു.
Discussion about this post