മുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ നിന്ദയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. തന്റെ പിതാമഹനെ പൊതുജന മദ്ധ്യത്തിൽ അപമാനിച്ച രാഹുൽ ഗാന്ധിയെ തല്ലാൻ ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ തയ്യാറാകണമെന്ന് വീര സവർക്കറുടെ കൊച്ചു മകൻ രഞ്ജിത് സവർക്കർ ആവശ്യപ്പെട്ടു. രാഹുലിന്റെ പേര് രാഹുൽ സവർക്കർ എന്നല്ലാത്തതിൽ താൻ അഭിമാനിക്കുന്നുവെന്നും രഞ്ജിത് സവർക്കർ വ്യക്തമാക്കി.
രാഹുലിന്റെ പേര് രാഹുൽ സവർക്കർ എന്നായിരുന്നുവെങ്കിൽ തങ്ങൾ അപമാന ഭാരത്താൽ ശിരസ്സ് കുനിച്ച് നടക്കേണ്ടി വരുമായിരുന്നു. വീര സവർക്കറോടുള്ള ശിവസേന നിലപാടിൽ മാറ്റമുണ്ടോയെന്നും രഞ്ജിത് ചോദിച്ചു.
നെഹ്രുവെന്ന പേര് മാറ്റി ഗാന്ധി എന്ന പേര് സ്വീകരിച്ചതിന് രാഹുൽ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയോട് നന്ദി പറയണം. അങ്ങനെ ചെയ്തില്ലയിരുന്നു എങ്കിൽ ഇന്ന് ജനങ്ങൾ നെഹ്രു കുടുംബത്തെ ബ്രിട്ടീഷ് അടിമകൾ എന്ന് വിശേഷിപ്പിക്കുമായിരുന്നു. ജവഹർലാൽ നെഹ്രു എന്നും ഒരു ബ്രിട്ടീഷ് അടിമയായിരുന്നു. 1946ൽ ബ്രിട്ടീഷ് വൈസ് റോയൽ കൗൺസിലിൽ പ്രവർത്തിച്ച നെഹ്രുവാണ് എണ്ണം പറഞ്ഞ ബ്രിട്ടീഷ് അടിമ. അന്ന് നെഹ്രു ബ്രിട്ടീഷ് രാജാവ് ജോർജ്ജ് ആറാമന് മുന്നിൽ വിധേയനായി നിന്ന് സത്യപ്രതിജ്ഞ ചെയ്തതും രഞ്ജിത് സവർക്കർ ഓർമ്മിപ്പിച്ചു.
കോൺഗ്രസ്സ് സംഘടിപ്പിച്ച പൊതു റാലിയിലായിരുന്നു രാഹുൽ ഗാന്ധി വീര സവർക്കറെ അപമാനിച്ച് സംസാരിച്ചത്. രാഹുലിന്റെ വിവാദ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. ഗാന്ധി കുടുംബത്തിന് ഒരിക്കലും സവർക്കർ എന്ന പേര് ഉപയോഗിക്കാൻ കഴിയില്ലെന്നും ഭീരുക്കൾക്ക് ആ പേര് ഒരിക്കലും ചേരില്ലെന്നും ബിജെപി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ സവർക്കർ നിന്ദയ്ക്കെതിരെ ശിവസേനയും രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ്സുമായി ഭരണം പങ്കിടുന്ന ശിവസേന രാഹുലിന്റെ പരാമർശത്തോടെ വെട്ടിലായിരിക്കുകയാണ്. തങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണെന്ന് ആണയിടുന്ന ശിവസേനയുടെ രാഷ്ട്രീയം പൊള്ളത്തരമാണെന്നും ആത്മാർത്ഥതയില്ലാത്തതാണെന്നും ആരോപണങ്ങൾ ഉയരുന്നു.
Discussion about this post