ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന കലാപ സമാനമായ സാഹചര്യം ആസ്വദിക്കാനാണ് മമതയുടെ തീരുമാനമെങ്കിൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബിജെപി വ്യക്തമാക്കി. ഇനിയും അക്രമം വ്യാപിച്ചാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ വ്യക്തമാക്കി.
ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥിതിഗതികൾ ഇത്തരത്തിൽ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രീണന നയങ്ങളാണ്. അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ മമത ബാനർജി സ്വീകരിക്കുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ ബി.ജെ.പി അനുകൂലിക്കുന്നില്ല. എന്നാൽ മറ്റൊരു മാർഗവും ഇല്ലെങ്കിൽ അത് ഏർപ്പെടുത്താൻ ബി.ജെ.പിക്ക് ആവശ്യപ്പെടേണ്ടിവരും. അക്രമികള്ക്കെതിരെ നടപടി സ്വീകരിക്കാത്ത മമത അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെയുള്ള സമാധാനം ആഗ്രഹിക്കുന്ന മുസ്ലിം വിഭാഗങ്ങളല്ല അക്രമം നടത്തുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്ക്കെല്ലാം പിന്നിൽ. അക്രമം നടത്തരുതെന്നും പൊതുമുതൽ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവി മാത്രമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
അതിനിടെ മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾക്ക് അക്രമികൾ തീയിട്ടു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന മുർഷിദാബാദിൽ വൻ കലാപമാണ് നടക്കുന്നത്.
അക്രമികൾ റോഡ്, റെയിൽ ഗതാഗതം എന്നിവ സ്തംഭിപ്പിച്ചു. നിയന്ത്രണമില്ലാതെ മുന്നോട്ട് നീങ്ങിയ അക്രമികൾ സംക്രെയിൽ റെയിൽവേ സ്റ്റേഷൻ കത്തിച്ചു. തടയാൻ ശ്രമിച്ച ആർ പി എഫ് ഉദ്യോഗസ്ഥരെ അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടിട്ടും പൊലീസ് തടയാൻ പോലും ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. ഹൗറയും മുർഷിദാബാദും അടക്കമുള്ള ജില്ലകളിൽ മൂന്ന് സ്റ്റേറ്റ് ബസ്സുകളടക്കം പതിനഞ്ച് ബസ്സുകൾ അക്രമികൾ അഗ്നിക്കിരയാക്കി.
അതേസമയം സമാധാനം പാലിക്കാൻ ഗവർണ്ണർ ജഗ്ദീപ് ധങ്കർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ പാർലമെന്റ് ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ അതിനെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും എന്നാൽ സമരങ്ങൾ അക്രമാസക്തമാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Discussion about this post