തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ. വെള്ളക്കരം കൂട്ടിയില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ശമ്പളംപോലും നല്‍കാനാവാതെ പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. 2014-ന് ശേഷം സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചിട്ടില്ല.
കുറഞ്ഞ സ്ലാബില്‍ 30 ശതമാനവും ഉയര്‍ന്ന സ്ലാബില്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ കൂട്ടാനാണ് ശുപാര്‍ശ. ബിപിഎല്‍ വിഭാഗത്തിന് പ്രതിമാസം 10,000 ലിറ്ററും ഇതര വിഭാഗത്തിന് 3000 ലിറ്ററും സൗജന്യമായി നല്‍കിക്കൊണ്ട് നിരക്ക് വര്‍ധന നടപ്പിലാക്കണമെന്നാണ് ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ.
വാട്ടര്‍ അതോറിറ്റിയുടെ ഉത്പാദന ചെലവിന്റെ 50 ശതമാനവും വൈദ്യുതി നിരക്കായതിനാല്‍ വെള്ളക്കരം കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയും ജലവിഭവ വകുപ്പും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനവിന്റെ ആഘാതം സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രതിമാസം 10,000 ലിറ്ററും ഇതര വിഭാഗങ്ങള്‍ക്ക് 3000 ലിറ്ററും വെള്ളം സൗജന്യമായിരിക്കും.
പ്രതിവര്‍ഷം 300 കോടിരൂപ വൈദ്യുത ചാര്‍ജായി നല്‍കേണ്ടിവരുന്ന വാട്ടര്‍ അതോറിറ്റിക്ക് ഇപ്പോഴത്തെ വൈദ്യുതി കുടിശ്ശിക 1200 കോടിരൂപയാണ്. നയപരമായ തീരുമാനം ആവശ്യമായതിനാല്‍ നിരക്ക് വര്‍ധനവിനുള്ള ശുപാര്‍ശ എല്‍ഡിഎഫ് യോഗത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. എത്രയും വേഗം ഈ തീരുമാനം വേണമെന്നാണ് ജലവിഭവ വകുപ്പിന്റെ ആവശ്യം.
Discussion about this post