പൗരത്വ ഭേദഗതി നിയമവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ഇന്ത്യയുടെ വിദേശനയങ്ങളെ ബാധിക്കില്ലെന്ന് നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസന്. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയപരിപാടികളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ടിപി ശ്രീനിവാസന്റെ വിലയിരുത്തല്‍.
ജനാധിപത്യ രാജ്യമെന്ന നിലയില്‍ ചൈനയ്ക്കു ബദലായി നമുക്ക് രാജ്യാന്തരതലത്തില്‍ ലഭിക്കുന്ന മുന്തൂക്കത്തെയും ഒരു നിക്ഷേപക ലക്ഷ്യമെന്ന സ്ഥാനത്തെയും ഇത് ബാധിക്കില്ല. ആണവ പരീക്ഷണ വേളയില്‍ രാജ്യാന്തര തലത്തില്‍ ഉണ്ടായ വന്എതിര്പ്പിനെ മികവുറ്റ രീതിയില്‍ അതിജീവിച്ചവര്‍ കൂടിയാണ് നമ്മളെന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ടെന്നും അദ്ദേഹം എഴുതുന്നു.
ആഭ്യന്തരതലത്തില്‍ നിയമ നിര്‍മാണം നടത്തുന്നത് വിദേശനയം പരിഗണിച്ചാകരുത്. ആഭ്യന്തര സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നിയമം കൊണ്ടുവരുന്നതില്‍ ഒട്ടും വൈമുഖ്യവും പാടില്ല. അത്തരം അടിയന്തര സാഹചര്യത്തില്‍ രാജ്യത്തിനു പുറത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നതേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചുവന്ന മികച്ച പ്രതിച്ഛായ പരിഗണിച്ചാല്‍ പൗരത്വ ഭേദഗതി നിയമം പരിഗണിച്ച സമയം ശരിയായില്ലെന്നു പറയാമെന്നും അദ്ദേഹം വിലയിരുത്തി. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് അംഗീകരിച്ച ലോകം, കശ്മീരിലെ സ്ഥിതിഗതി അതിവേഗം സാധാരണനില കൈവരിക്കാത്തതില്‍ അസ്വസ്ഥമായിത്തുടങ്ങിയ സാഹചര്യം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിലയിരുത്തുമ്പോഴാണ് രാജ്യത്ത് പൗരത്വ നിയമങ്ങള്‍ ക്രമപ്പെടുത്തേണ്ടതുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം കുറച്ചുകൂടി സാവകാശത്തോടെ നടപ്പാക്കാമായിരുന്നതായി കരുതേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Discussion about this post