തിരുവനന്തപുരം: തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ യദു തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സച്ചിൻ ദേവ് എംഎൽഎ മോശമായി പെരുമാറിയെന്ന യദുവിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും ആര്യ പറഞ്ഞു.
ഡ്രൈവർ തന്നോട് മോശമായി പെരുമാറി. അശ്ലീല ആംഗ്യം കാണിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. മോശം പെരുമാറ്റം ചോദ്യം ചെയ്തു. മേയർ എന്ന നിലയ്ക്കല്ല. മറിച്ച് സ്ത്രീ എന്ന നിലയ്ക്കാണ് ചോദ്യം ചെയ്തത്. വാഹനത്തിന് സൈഡ് തന്നില്ല എന്നത് തനിക്ക് പ്രശ്‌നമായിരുന്നില്ല. സംഭവ ദിവസം രാത്രിതന്നെ ഡ്രൈവർ തന്നെ വിളിച്ച് ക്ഷമ ചോദിച്ചുവെന്നും ആര്യ വ്യക്തമാക്കി.
അതേസമയം മേയറും സംഘവുമാണ് ആദ്യം മോശമായി പെരുമാറിയത് എന്ന് യദു പറഞ്ഞു. പാളയത്ത് ആളുകളെ ഇറക്കിവിട്ട് പോകുന്നതിനിടെ ഇടതുവശത്തുകൂടി ഓവർടേക് ചെയ്തുവന്ന മേയറുടെ വാഹനം ബസിന് മുൻപിൽ നിർത്തുകയായിരുന്നു. തുടർന്ന് റോഡ് അച്ഛന്റെ വകയാണോ എന്ന് കാറിൽ നിന്നും ഇറങ്ങിയവർ ചോദിച്ചു. ഇതോടെ പ്രതികരിക്കുകയായിരുന്നുവെന്നും യദു വ്യക്തമാക്കി.
വാഹനത്തിൽ ഉണ്ടായിരുന്നത് മേയറും എംഎൽഎയും ആണെന്ന് അറിയില്ലായിരുന്നു. യാത്രികരെ ഇറക്കിവിട്ട സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയിരുന്ന് ഭീഷണിപ്പെടുത്തി. പണി കളയുമെന്നായിരുന്നു ഭീഷണിയെന്നും യദു പറഞ്ഞു.












