ന്യൂഡൽഹി : രാജ്യത്തെ സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ‘ജനതാഖാന’. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഭക്ഷണ കൗണ്ടറുകളാണ് ജനതാഖാന. ഏഴു പൂരിയും കറിയും കുടിവെള്ളവും ഉൾപ്പെടുന്ന ഭക്ഷണം വെറും 23 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ജനതാഖാന പദ്ധതിയുടെ പ്രത്യേകത.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 100 റെയിൽവേ സ്റ്റേഷനുകളിൽ ആണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 150 കൗണ്ടറുകൾ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ദക്ഷിണ റെയിൽവേയിൽ 34 റെയിൽവേ സ്റ്റേഷനുകളിൽ ജനതാഖാന കൗണ്ടറുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപം എത്തുന്ന രീതിയിലാണ് ഈ ഭക്ഷണ കൗണ്ടറുകൾ തയ്യാറാക്കിയിട്ടുള്ളത്.
പൂരി കൂടാതെ ഇതേ വിലയിൽ ദക്ഷിണേന്ത്യൻ കൗണ്ടറുകളിൽ തൈർ സാദം, ലെമൺ റൈസ്, പുളിസാദം എന്നിവയും ലഭിക്കുന്നതാണ്. ഇവ കൂടാതെ 50 രൂപയ്ക്ക് ഉച്ചഭക്ഷണവും ജനതാഖാന കൗണ്ടറുകളിൽ നിന്നും ലഭിക്കും. കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിലെ 11 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിലെ 9 സ്റ്റേഷനുകളിലും ജനതാഖാന കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.








