ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ നടന്ന അക്രമത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് യുപി പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
പ്രതിഷേധത്തിനിടെ പൊലീസിന് നേരേ തോക്കു ചൂണ്ടി വെടിയുതിര്‍ക്കുന്ന രണ്ട് പേരും തോക്കുമായി നടന്നു നീങ്ങുന്ന മുഖം മറച്ച ഒരാളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.
ഡിസംബര്‍ 19 മുതല്‍ 21 വരെ ഇത്തരത്തിലുള്ള അക്രമവും കലാപവുമാണ് നേരിടേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. അതിനാലാണ് തിരിച്ചടിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ഏകദേശം 15 ലേറെ പേരാണ് യുപിയിലെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. മീറ്ററില്‍ മാത്രം ആറ് പേര്‍ മരിച്ചു.
പലരുടെയും മൃതദേഹങ്ങളില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും പ്ലാസ്റ്റിക്, റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് മാത്രമാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ബിജിനോറില്‍ മാത്രമാണ് വെടിവെയ്പ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന പൊലീസിന് വന്‍ നാശ നഷ്ടങ്ങളുണ്ടായതായി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയും പ്രതികരിച്ചു. 288 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 62 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. കലാപങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് 500ലേറെ വെടിത്തിരകള്‍ കണ്ടെടുത്തതായും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post