ഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍.പി.ആര്‍.) വിവരം ശേഖരിക്കാനെത്തുന്നവര്‍ക്ക് തെറ്റായ വിവരം നല്‍കണമെന്ന എഴുത്തുകാരി അരുന്ധതി റോയിയുടെ ആഹ്വാനത്തിനെതിരേ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. ദേശീയ പൗരത്വപ്പട്ടികയ്ക്കുള്ള അടിസ്ഥാന വിവരമാണ് എന്‍.പി.ആര്‍. എന്നും അതിനാല്‍ തെറ്റായ വിവരം നല്‍കണമെന്നുമായിരുന്നു അരുന്ധതിയുടെ ആഹ്വാനം.
പേരു ചോദിക്കുമ്പോള്‍ ‘രംഗ- ബില്ല’യെന്നോ (ബലാത്സംഗ-കൊലപാതകക്കേസില്‍ തൂക്കിലേറ്റപ്പെട്ടവര്‍) വിലാസം ചോദിച്ചാല്‍ ‘7 റേസ് കോഴ്‌സ് റോഡെ’ന്നോ (പ്രധാനമന്ത്രിയുടെ വസതി) പറയാനാണ് കഴിഞ്ഞദിവസം അരുന്ധതി ആഹ്വാനം ചെയ്തത്.
സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് അരുന്ധതിയുടെ നിലപാടെന്ന് ബിജെപിയും തെറ്റായ വിവരം നല്‍കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
അരുന്ധതിക്ക് കുറ്റവാളികളുടെ പേരുകള്‍ മാത്രമേ ഓര്‍മയുള്ളൂവെന്ന് ഉമാഭാരതി പറഞ്ഞു. പെണ്‍കുട്ടിയെയും സഹോദരനെയും കൊന്ന രംഗ-ബില്ലയെപ്പോലുള്ള കുറ്റവാളികളെ ഉദാഹരിക്കുന്ന അരുന്ധതിയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതുപോലുള്ള ബുദ്ധിജീവികളാണ് രാജ്യത്തുള്ളതെങ്കില്‍ അവരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കേണ്ടതെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ പ്രതികരണം.
എന്തു വിഡ്ഢിത്തമാണ് അരുന്ധതി റോയി പറയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു. എന്‍.പി.ആറിന്റെ ഭാഗമാകാതിരിക്കാന്‍ പറയുന്നതുപോലെയല്ല, തെറ്റായ വിവരം നല്‍കല്‍. അരുന്ധതി റോയി സ്വയം എന്താണു കരുതുന്നതെന്നും അവര്‍ ചോദിച്ചു.
അതേസമയം എന്‍.പി.ആറിനു തെറ്റായവിവരം നല്‍കാന്‍ ആഹ്വാനം ചെയ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ സുപ്രീംകോടതിയിലെ അഭിഭാഷകന്‍ രാജീവ് കുമാര്‍ രഞ്ജന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. അരുന്ധതിയുടെ പ്രസ്താവന മുസ്‌ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷാനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് അരുന്ധതി ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post