ലഖ്നൗ: യുപിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അവരെ സ്കൂട്ടറിലെത്തിച്ച പ്രവര്‍ത്തകനും പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ട്രാഫിക് നിയമം ലംഘിച്ച് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും പിഴ ചുമത്തിയത്. 6,300 രൂപ പിഴയായി അടക്കണമെന്നാണ് നിര്‍ദേശം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തി അറസ്റ്റിലായ റിട്ട. ഐ.പി.എസ് ഓഫിസറുടെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രയിങ്ക ഗാന്ധി. ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായ എസ്.ആര് ദാരാപുരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. ഇവരെ സ്കൂട്ടറില്‍ സ്ഥലത്തെത്തിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് ധീരജ് ഗുജ്ജാറിന്റെ പേരിലാണ് ട്രാഫിക് പൊലീസ് പിഴ അടക്കാനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. സ്കൂട്ടര്‍ യാത്രികനും പിന്‍സീറ്റ് യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നിരിക്കെ ഇരുവരും നിയമം ലംഘിച്ച് യാത്രനടത്തിയെന്ന് നോട്ടീസില്‍ പറയുന്നു.
Discussion about this post