ഡൽഹി: വായ്പ പലിശ കുറച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ കാല്‍ശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്.
പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തില്‍ നിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.
ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് 7.9 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു.
ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്.
നാല് ബാഹ്യ അളവുകോലുകള്‍(എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാന്‍ 2019 ഒക്ടോബറിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന റിപ്പോ നിരക്ക്, സര്‍ക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലില്‍നിന്നുള്ള ആദായം, ഇന്ത്യാ ഗവണ്മെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലില്‍നിന്നുള്ള ആദായം((ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക്സ് ഇന്ത്യ(എഫ്ബിഐഎല്‍) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലില്‍നിന്നുള്ള ആദായം പുറത്തുവിടുന്നത്), എഫ്ബിഐഎല്‍ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാര്‍ക്കറ്റ് പലിശ നിരക്ക്
ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം മിക്കവാറും ബാങ്കുകള്‍ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്.
Discussion about this post