ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കെതിരെ പ്രതികരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വദേരക്കു മറുപടിയുമായി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവർക്ക് സേവന മനോഭാവമുണ്ടാകില്ലെന്നും യോഗി പ്രതികരിച്ചു. ‘ഭഗ്വാ മേം ലോക് കല്യാൺ’ ( പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവർ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവർക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിന്റെ അർഥം മനസ്സിലാകില്ല.’– യോഗി ആദിത്യനാഥ് പറഞ്ഞു.
യോഗി ആദിത്യ നാഥിന് കാവി ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നൽകുകയാണ്. ഇന്ത്യയുടെ ധാർമിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ ആരോപണം.
‘പ്രിയങ്ക വദേര, മതങ്ങൾ തമ്മിൽ തര്‍ക്കമുണ്ടാകുന്നത് നിങ്ങളുടെ രാഷ്ട്രീയത്തിലാണ്’ എന്നായിരുന്നു യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമയുടെ പ്രതികരണം. ‘യോഗിജി ഒരു മതം ഉൾക്കൊള്ളുന്നു. ആരെയും ഉപദ്രവിക്കാനോ മറ്റൊരുമതത്തെ അപമാനിക്കാനോ ഹിന്ദുമതം പഠിപ്പിക്കുന്നില്ല. ഹിന്ദുമതം വളരെ വലിയ വിശ്വാസമാണ്. ഒരു ഹിന്ദുമത വിശ്വാസി മറ്റുള്ളവരെ അപമാനിക്കുന്നു എന്നാണ് നിങ്ങൾ പറയുന്നത്.’– ദിനേശ് ശർമ പറഞ്ഞു.
Discussion about this post