തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടും വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജില്‍ പരീക്ഷ നടത്താന്‍ നീക്കം. മൂന്നാം വര്‍ഷ പരീക്ഷ ജനുവരി 10 നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വേണ്ടത്ര ക്ലാസ്സുകള്‍ നടക്കാത്തതിനാല്‍ എങ്ങനെ പരീക്ഷയെഴുതുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളെ പുനര്‍വിന്യസിക്കണമെന്ന കേന്ദ്ര ഉത്തരവില്‍ ആരോഗ്യ സര്‍വകലാശാല നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഒപ്താല്‍മോളജി ഇഎന്‍ടി അടക്കമുള്ള കോഴ്സുകളിലാണ് മൂന്നാം വര്‍ഷ പരീക്ഷ. തിയറി, പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍ വേണ്ട വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ജനുവരി 10 ന് പരീക്ഷയുണ്ടെന്ന അറിയിപ്പ് കിട്ടി. പരീക്ഷ എഴുതണോ വേണ്ടയോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ഒരുവിഭാഗം വിദ്യാര്‍ത്ഥികളെ കൂട്ട് പിടിച്ചു പരീക്ഷ നടപടികളുമായി മുന്നോട്ടു പോവുകയാണ് മാനേജ്മെന്റ്. മറ്റ് കോളേജുകളിലേക്ക് പുനര്‍വിന്യസിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡിസംബര്‍ 27 ന് കോളജിന്റെ പ്രവര്‍ത്തനം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ മറ്റു കോളജുകളിലേക്ക് പുനര്‍വിന്യസിക്കാന്‍ പ്രൊപ്പോസല്‍ തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കോളജില്‍ ആവശ്യത്തിന് സൗകര്യങ്ങളോ, അധ്യാപകരോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലായിരുന്നു. പരിശോധനാ സമയത്ത് വാടകരോഗികളെ ഇറക്കി കോളേജ് മാനേജ്മെന്റ് മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിച്ചുവെന്നും, പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടങ്ങള്‍ പണിതെന്നും വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുന്നതിന് ഒപ്പം, കോളേജിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അനിവാര്യത പത്രം റദ്ദാക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ സര്‍വകലാശാല തുടര്‍ നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
Discussion about this post