ഡല്‍ഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് മേല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഈ സംഭവത്തെ കേന്ദ്രം വളരെ ഗൗരവമായാണ് കാണുന്നതെന്നും ഗവര്‍ണര്‍ക്കുനേരെ കൈയേറ്റത്തിന് ശ്രമിച്ചയാള്‍ക്കുനേരെ സംസ്ഥാനം നടപടിയെടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിനിടെയാണ് ഗവര്‍ണര്‍ ആരിഫ് ഖാനു നേരെ കയ്യേറ്റശ്രമമുണ്ടായത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ആരിഫ് ഖാനെതിരെ ചരിത്രകാരന് ഇര്ഫാന് ഹബീബ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിരുന്നു. മൗലാന അബുള്‍ കലാം ആസാദിനെ തെറ്റിച്ചദ്ധരിച്ചെന്നാരോപിച്ച് ഇര്ഫാന് ഹബീബ് ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമിച്ചു.
ഗവര്‍ണറുടെ പ്രസ്താവനയെ പ്ലക്കാര്‍ഡുയര്‍ത്തിയാണ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രക്ഷോഭമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക് നയിച്ചു.
അതേസമയം തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്ന് ഗവര്‍ണര്‍ ആരോപിച്ചു. രാജ്ഭവന് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ കൈയേറ്റത്തിന് ശ്രമിച്ചിട്ടില്ലെന്നും ചരിത്ര വസ്തുതകള്‍ തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇര്ഫാന് ഹബീബിന്റെ മറുപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെയും ഗവര്‍ണര്‍ കടുത്ത രീതിയില്‍ വിമര്‍ശിച്ചു. പ്രമേയത്തിന് നിയമ സാധുതയില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കിയത്.
Discussion about this post