തിരുവനന്തപുരം: കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് റിസര്‍വ്വ് ബാങ്ക്. ആര്‍.ബി.ഐ. നിയന്ത്രണത്തിലും നിര്‍ദേശത്തിലും പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന സമിതിക്കായിരിക്കും ബാങ്കിന്റെ നിയന്ത്രണം.ഇതോടെ, കേരളബാങ്കില്‍ രജിസ്ട്രാര്‍ക്കും സംസ്ഥാനസര്‍ക്കാരിനുമുള്ള നിയന്ത്രണം പരിമിതമാകും. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ഭരണപരമായ മേല്‍നോട്ടച്ചുമതലയും മാത്രമാണ് ആര്‍.ബി.ഐ. അനുവദിക്കുന്നത്.
വായ്പ അനുവദിക്കുന്നതും ഫണ്ട് വിനിയോഗവും ഉള്‍പ്പെടെ ബാങ്കിങ് സംബന്ധമായ എല്ലാ കാര്യങ്ങളും റിസര്‍വ്വ് ബാങ്കിന്റെ ഈ സമിതിയാകും തീരുമാനിക്കുക.സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കാനാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന ഘടന റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. ഭരണസമിതിക്ക് ഉപരിയായാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കേണ്ടത്. സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തമാക്കാനുമാണ് ഈ തീരുമാനം.
അര്‍ബന്‍ ബാങ്കുകളില്‍ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തില്‍ മാത്രമാണ്. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ അധികാരം നിശ്ചയിച്ചത് ഇപ്പോഴാണ്. ഇതോടെ, റിസര്‍വ് ബാങ്കിന് അവരുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയിലൂടെ നേരിട്ട് കേരളബാങ്കില്‍ ഇടപെടാനാകും. കുറഞ്ഞത് അഞ്ചും പരമാവധി 12ഉം പേരടങ്ങുന്നതാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്. ഇതിലെ അംഗങ്ങള്‍ അക്കൗണ്ടന്‍സി, ബാങ്കിങ്, ഫിനാന്‍സ്, നിയമം, സഹകരണം, ഇക്കണോമിക്‌സ്, ഐ.ടി., കാര്‍ഷികഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ അറിവും പരിചയവുമുള്ളവരാകണം. ഭരണസമിതി അംഗങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റില്‍ അംഗങ്ങളാവാം. എന്നാല്‍, അത് മൊത്തം അംഗങ്ങളുടെ പകുതിയിലേറെയാവാന്‍ പാടില്ല. അംഗങ്ങളെ നിയമിക്കുന്നതിനുമുമ്പ് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങണം. ഈ സമിതിയെ മൊത്തത്തിലോ ഏതെങ്കിലും അംഗങ്ങളെയോ പിരിച്ചുവിടാന്‍ ആര്‍.ബി.ഐ.യ്ക്ക് അധികാരമുണ്ടാകും. ഭരണസമിതിയുടെ നയപരമായ തീരുമാനം റിസര്‍വ് ബാങ്കിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്ന വിധത്തിലാകാനുള്ള ഇടപെടലാണ് ഇതെല്ലാം എന്നാണ് വിലയിരുത്തല്‍.
ബാങ്ക് ചെയര്‍മാനുപുറമേ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന് പ്രത്യേക ചെയര്‍മാനുണ്ടാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളാണ് ഈ സമിതി പാലിക്കേണ്ടത്.











