കര്‍ണാടകയിലെ സൂറത്കലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (NITK) ഐഎസ് ആര്‍ ഒ പഠനഗവേഷണകേന്ദ്രം സ്ഥാപിയ്ക്കുന്നു. വിവിധ പ്രൊജക്ടുകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഈ സ്ഥാപനത്തിലേക്ക് രണ്ട് കോടി രൂപയുടെ വാര്‍ഷിക ഗ്രാന്റാണ് ഐ എസ് ആര്‍ ഒ അനുവദിച്ചിട്ടുള്ളത്.
എന്‍ഐടികെയില്‍ ശൂന്യാകാശസാങ്കേതികവിദ്യയില്‍ ഗവേഷണവും പഠനവും നടത്താന്‍ ഐ എസ് ആര്‍ ഒ മുന്‍കൈയ്യെടുക്കുമെന്നും അതിനായി ഇരുസ്ഥാപനങ്ങളിലേയും ഗവേഷകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുമെന്നും ഇസ്രോ ഡയറക്ടര്‍ പി വി വെങ്കടകൃഷ്ണന്‍ പറഞ്ഞു.
ആന്ധ്രപ്രദേശ്, കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങളുമായിച്ചേര്‍ന്ന് കൂടുതല്‍ സംയോജിതഗവേഷണങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടെന്ന് പി വി വെങ്കടകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.
മുഖ്യമായും എഞ്ചിനീയറിങ്ങ് സാങ്കേതികവിദ്യ സ്ഥാപനങ്ങളുമായുമാവും ഇത്തരം ഗവേഷണങ്ങള്‍ നടത്തുക. ഗൗരവമുള്ള ഗവേഷണങ്ങള്‍ക്കൊപ്പം ബിടെക് വിദ്യാര്‍ത്ഥികള്‍ക്കും എംടെക് വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പ്രൊജക്ടുകളിലും ചെറു ഗവേഷണ പദ്ധതികളിലും പങ്കെടുക്കാനും പരിശീലനം നേടാനും വേണ്ട സാഹചര്യവുമുണ്ടാകുമെന്ന് ഇസ്രോ അറിയിച്ചു.
അതിവേഗതയില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ശൂന്യാകാശഗവേഷണവ്യവസായരംഗത്ത് ആവശ്യമുള്ള മാനവവിഭവശേഷി കാര്യക്ഷമമായി ഉണ്ടാക്കിയെടുക്കാനും ഈ പദ്ധതി ഉപയോഗയോഗ്യമാകും എന്ന പ്രതീക്ഷയിലാണ് ഇസ്രോ.
Discussion about this post